Tuesday, November 16, 2010

ഖുര്‍ആനിലെക്കൊരു കാവ്യ തീര്‍ത്ഥാടനം



ദിവ്യവചനങ്ങളെന്ന ഖുര്‍ആനിന്റെ മൌലിക പാഠം മനുഷ്യ ബോധത്തിന്റെ ഉയര്‍ച്ചയെ തൊടുന്നതാണ്. മനുഷ്യന്‍ ജീവിതത്തില്‍ കടന്നുപോകുന്ന മുഴുവന്‍ പ്രാപഞ്ചിക മണ്ഡലങ്ങളും അന്യോന്യം ബന്ധിപ്പിച്ച് അന്വേഷകന്റെ മുന്നില്‍ വെളിച്ചത്തിന്റെ നിതാന്ത വിസ്മയം തീര്‍ക്കുകയാണ് ഖുര്‍ആന്‍. വിഷയാധിഷ്ഠിതമായ ക്രമീകരണമോ സാഹിത്യപരമായ ബാഹ്യാവരണങ്ങളോ വായനക്കാര്‍ക്ക് അതില്‍ കണ്ടെത്താനാകില്ല. മണ്ണിന്റെ അഗാധതയില്‍ മുളക്കുന്ന വിത്തും വിണ്ണിന്റെ അനന്തതയില്‍ തുടിക്കുന്ന നക്ഷത്രവും പരസ്പം നടത്തുന്ന സംഭാഷണം പോലെ വചനങ്ങളില്‍ നിന്നും വചനകങ്ങളിലേക്ക് അനുവാചകന്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഖുര്‍ആനിന്റെ വിശേഷ നാമങഅങളില്‍ പ്രമുഖമായതാണ് 'അല്‍ മജീദ്'. ഖുര്‍ ആനിലെ 'ഖാഷ്' എന്ന അദ്ധ്യായത്തിലാണ് 'മജീദ്' (വളര്‍ന്നുകൊണ്ടേയിരിക്കുന്നത്) എന്ന പ്രയോഗമുള്ളത്. ഖാഫ് എന്ന അറബി അക്ഷരത്തിന്റെ ചിത്രീകരണത്തില്‍ തിരശ്ചീനവും (Horizontal) ഉപരിതാനവും (Vertical) മായ തലങ്ങള്‍ കാണാം. ആദ്യത്തേകത് ഭൂമിയേയും രണ്ടാമത്തേത് ആകാശത്തെയും സൂചിപ്പിക്കുന്നു. ഭൂമിയിലൂടെ നടന്ന് ആകാശങ്ങളെ ആത്മവത്കരിക്കാനുള്ള ഭാഷയുടെ യോഗാത്മകമായ അനുഭഊതി മണ്ഡലത്തെ ഈ ചിത്രീകരണം പ്രകാശിപ്പിക്കുന്നുണ്ട്. ദിവ്യമായ പ്രകാശതലത്തില്‍ നിന്ന് മനുഷ്യ ഹൃദയത്തിലേക്കൊഴുകുന്ന അത്തരം വെളിച്ചത്തിലാണ് അറിഞ്ഞവര്‍ (ആരിഫീങ്ങള്‍) വചനങ്ങളുടെ ആന്തരിക സത്തയെ തൊട്ടുവണങ്ങുന്നത്. അറിഞ്ഞവരുടെ ഹൃദയങ്ങള്‍ക്ക് വ്യത്യസ്തമായ കണ്ണുകളുണ്ട്. അതിലൂടെ സാധാരണക്രാര്‍ക്ക് കാണാനാവത്തത്, അവര്‍ കാണുകയും ചെയ്യുന്നുണ്ട്. ആത്മീയമായ ചിരകുകളാല്‍ പ്രപഞ്ചനാഥന്റെ സമ്മതത്തോടെ ഏതെല്ലാമോ ജ്ഞാന ചക്രവാളങ്ങളിലേക്ക് അവര്‍ പറന്നുപോകുന്നുണ്ടപ്പോള്‍. ഭൂമിയില്‍ ജീവിച്ചുകൊണ്ടിരിക്കേ തന്നെ മനുഷ്യന് സാധ്യമാകുന്ന ആത്മീയ വളര്‍ച്ചയുടെ കൊടുമുടിയാണത്. തസ്വ്വുഫിന്റെ ഭാഷയില്‍ ശരീഅത്തില്‍ നിന്നും മഅ്രിഫത്തിലേക്കുള്ള തീര്‍ത്ഥാടനം. ബാഹ്യനേത്രങ്ങള്‍ക്കപ്പുറം അനുഭൂതികമായ കണ്ണുകളിലൂടെ ചെന്നെത്താനാവുന്ന ഒരിടമാണത്. ആത്മബോധത്തിന്റെ സജീവത ഹൃദയത്തിന്റെ അനേകമനേകം അറകളില്‍ തരംഗങ്ങള്‍ തീര്‍ക്കുമ്പോഴാണ് ഉള്ളതെല്ലാം സത്തയുള്ളതാണെന്നു ഒരാള്‍ക്ക് ബോധ്യമാകുന്നത്. മനുഷ്യനും ദൈവവുമായി ദിവ്യമായ ഒരു ഉടമ്പടിയുണ്ട്. ഖുര്‍ആന്‍ ഈ കരാറിനെക്കുറിച്ച പലേടങ്ങളിലും ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്. ദിവ്യ വചസ്സുകളിലൂടെ സഞ്ചരിച്ചെത്തിയ ഹരിത താഴ്വാരങ്ങളിലിരുന്ന് മിസ്റ്റിക് കവയത്രി റാബിയ പാടിക്കൊണ്ടിരിക്കുമ്പോള്‍ ദൈവിക ഉടമ്പടിയുടെ ആത്മാവില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പര്‍ശമുണ്ടാകുന്നു.

എന്റെ ദൈവമേ,

കണ്ണുകളെല്ലാം വിശ്രമത്തിലാണ്.

നക്ഷത്രങ്ങളെല്ലാം കണ്ണടച്ചിരിക്കയാണ്.

പക്ഷികള്‍ അവയുടെ കൂടാരങ്ങളില്‍

തിരക്കിട്ട് ചിറകൊതുക്കുകയാവാം

മത്സ്യങ്ങള്‍ ആഴിയുടെ ആഴങ്ങളില്‍

ഉറങ്ങിക്കഴിഞ്ഞു.

എന്നിട്ടുമെന്നിട്ടും

നമുക്കിടയിലെ

മധുരഭാഷണം തീരുന്നില്ല

ദൈവമേ,

ഇത് വല്ലാത്തൊരുടമ്പടി തന്നെ

രാജാക്കന്മാരുടെ കൊട്ടാരങ്ങളെല്ലാം

താഴിട്ടു പൂട്ടിയിരിക്കുന്നു.

കൊട്ടാരപാലകര്‍ അവരുടെ

രാത്രി നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു.

നിന്റെ വാതിലുകള്‍

മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.

എന്റെ തമ്പുരാനെ,

ഓരോ കാമുകരും

ഇപ്പോളവരുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം

ഞാനോ,

നിന്നോടൊപ്പവും.

പ്രേമമാര്‍ഗ്ഗത്തിലൂടെ ഭക്തി മണ്ഡലത്തിലെത്തി ജ്ഞാന കൊടുമുടികേറുന്ന റാബിയയുടെ ആത്മാവ് 'ദൈവമേ ഇതൊന്നും നീ വെറുതെ സൃഷ്ടിച്ചതല്ല. (മാ ഖലഖ്ത്തഹാദാ ബാത്തില) ന്ന ദീപ്തമായ ഏറ്റുപറച്ചിലില്‍ തുടങ്ങി 'നാം നിങ്ങളുടെ കണ്ഠനാഡിയേക്കാള്‍ അടുത്തുണ്ടെന്ന (നഹ്നു അഖ്റബമിന്‍ ഹബ്ളില്‍ ഹരീദ്) വെളിപാടിന്റെ മാസ്മരികതയില്‍ തൊട്ടു നില്‍ക്കുകയാണ്. റാബിയയിലാണ് ഖുര്‍ ആനിന്റെ പെണ്‍വായന സര്‍ഗ്ഗശക്തിയുടെ പൊന്‍പ്രഭയില്‍ പൂത്തലഞ്ഞതെന്ന് ഹൃദ്യമായി പറഞ്ഞുവെക്കട്ടെ. മൌലാനാ റൂമി തന്റെ പ്രിയപുത്രനായ സുല്‍ത്താന്‍ വലാദിന് കൊടുത്ത് ഉപദേശത്തില്‍ ദിവ്യവചനങ്ങളെ ബാഹ്യപ്രധാനമായി മാത്രം വായിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചതായി കാണാം. ഉണര്‍വ്വിന്റെ മരുപ്പച്ചയില്‍ നിന്ന് ഖുര്‍ആനിനെ കണ്ട് തുടങ്ങുമ്പോഴാണ് മനുഷ്യന്‍ അനന്തമായി വളര്‍ന്നുകൊണ്ടിരിക്കുന്നത്. മസ്നവി മഹാകാവ്യത്തിന്റെ നല്ലൊരു ശതമാനം ഖുര്‍ആനിന്റെ ആധ്യാത്മിക വ്യാഖ്യാനമാണെന്ന് ആന്‍മേരി വിംചല്‍ സാക്ഷ്യപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തലമിതാണ്. ഇബ്നു അറബിയും അത്താറും റൂമിയും ഇങ്ങേയറ്റത്ത് ഇന്ത്യയിലെ ഖാജാകിര്‍ദാദ് വരെ റാബിയയില്‍ തുടങ്ങിയ ജ്ഞാന സരണയുടെ പിന്‍മുറക്കാര്‍ തന്നെ.

ഒരു മഴ ആകാശത്തു നിന്ന് ഭൂമിയിലേക്ക് പെയ്യുന്നു. മറ്റൊന്ന് വെളിപാടിലൂടെ ദൈവത്തില്‍ നിന്ന് മനുഷ്യബോധത്തിലേക്ക് പെയ്തിറങ്ങുന്നു. മഴ പെയ്താല്‍ പാകമായ മണ്ണില്‍ വ്യത്യസ്തങ്ങളായ സസ്യങ്ങള്‍ മുളച്ചുവരും. മനുഷ്യബോധത്തിലേക്ക് വചനമഴ പെയ്തിറങ്ങിയാല്‍ സമാനമായ ഉണര്‍വാണ് ആത്മാവില്‍ ഉണ്ടാവുക. ഖുര്‍ആനില്‍ പലയിടത്തും ആവര്‍ത്തിക്കപ്പെടുന്ന ഒരടയാളമാണ് മാനത്തുനിന്ന് ഭൂമിയിലേക്ക് പെയ്യുന്ന മഴയും മൃതമായതിന് ശേഷം ജീവനിലേക്ക് തിരിച്ചുവരുന്ന ഭൂമിയും മൌലാനാ റൂമിയുടെ തന്നെ ഒരു കവിതയില്‍ അദ്ദേഹം സ്നേഹത്തിന്റെ പ്രാപഞ്ചിക കല്‍പന രൂപപ്പെടുത്തുമ്പോള്‍ ആകാശം പ്രണയിയും ഭൂണി പ്രണയിനിയുമാണെന്ന് സങ്കല്‍പിച്ചത് പ്രസ്തുത ആകാശത്തെ ആത്മബോധത്തിന്റെ ദിവ്യതാളമായി സ്വീകരിച്ചതുകൊണ്ടാണ്. ഖലീല്‍ ജിബ്രാന്റെ പൂവിറുത്തെടുക്കാന്‍ പ്രഭാതത്തില്‍ പൂന്തോട്ടത്തിലേക്ക് പോകുന്ന തോട്ടക്കാരന്റെ അനുഭവ ചിത്രീകരണം ഏറെ പ്രശസ്തമാണല്ലോ. ഇരുത്തെടുക്കാനായി ഒരു പൂവിന്റെ അടുത്ത് എത്തിയപ്പോള്‍ അത് പറയുന്നുണ്ടായിരുന്നു ഇങ്ങനെ: 'ഇത്തിരി നേരം കൂടി കഴിഞ്ഞോട്ടെ; ഞങ്ങളെല്ലാം പ്രഭാത പ്രാര്‍ത്ഥനയിലാണ്' ഭൂമിയിലും ആകാശങ്ങളിലുമുള്ള സര്‍വ്വ ചരാചരങ്ങളും പ്രാര്‍ത്ഥനയിലാണെന്ന സൂറത്തുന്നൂറിലെ ആശയലോകം തന്നെയല്ലേ ജിബ്രാനിലും തെളിഞ്ഞത്.

'നീ വായിക്കുക' (ഇഖ്റഅ്) എന്നതാണല്ലോ പ്രവാചകനിലേക്കറിങ്ങിയ വെളിപാടിലെ ആദ്യസൂക്തം. വായന അപ്പോള്‍ ആദ്ധ്യാത്മിക ഒരു കര്‍മ്മസരണിയാവുകയാണ്. വ്യിക്കേണ്ടത് സ്രഷ്ടാവിന്റെ നാമത്തിലാണെന്നത് തുടര്‍ന്ന് പറയുന്നുണ്ട്. നാമം (ഇസ്മ്) ദൈവത്തിന്റേതാകുമ്പോള്‍ അവയ്ക്കെല്ലാം സൌന്ദര്യത്തിന്റെയും നന്മയുടെയും സത്യത്തിന്റേതുമായ അനേകമനേകം പടികളുണ്ട്. ആദ്യ മനുഷ്യനായ ആദമിന് ദൈവം മുഴുവന്‍ നാമങ്ങളും പഠിപ്പിച്ചു കൊടുത്തത് അവയുടെ പൊതു അറിവിലൂടെ വിശേഷ നാമങ്ങളുടെ ഉടമസ്ഥനായ ദൈവത്തെ അറിയാനാണെന്ന് സാരം. എല്ലാ സല്‍ക്കര്‍മ്മങ്ങളും കാരുണ്യവാനായ ദൈവനാമത്തില്‍ തുടങ്ങണമെന്ന പ്രവാചക പാഠത്തിന്റെ പൊരുളാണിത്. വായന അപ്പോള്‍ ദൈവിക മൂല്യങ്ങളെ ആത്മവത്കരിക്കാനുള്ള ഒരു വിശേഷ കര്‍മ്മമായി മാറും. ആകാശ ഭൂമികളുടെ സൃഷ്ടിപ്പില്‍ രാവും പകലും മാറി മാറി വരുന്നതില്‍ ബുദ്ധിശാലികള്‍ക്ക് കുറിമാനങ്ങളുണ്ടെന്ന സൂറത്ത് ആലിംറാനിലെ അനുപമവാക്യം പ്രാപഞ്ചിക ജീവിതത്തെ വായിക്കാനുള്ള ഉത്തരവാകുന്നത് അതുകൊണ്ടാണ്. അതില്‍തന്നെ നിരീക്ഷണം സ്മരണയിലേക്ക് വളരുകയും സ്മരണ ചിന്തയിലേക്ക് ഉയര്‍ന്നുപോവുകയും ചെയ്യുന്നു. വായനയിലൂടെ മനുഷ്യബോധം എത്തിച്ചേരേണ്ട പ്രാപഞ്ചിക മിഥ്യയുടെ (ബാത്തില്‍) നിരാകരണവും സത്യത്തെ (ഹഖ്) അറിഞ്ഞുപുല്‍കലും.

ഖുര്‍ആനിന്റെ മറ്റൊരു നാമം ഫുര്‍ഖാന്‍ എന്നതാണ്. സ്തയത്തേയും മിഥ്യയെയും വേര്‍തിരിക്കുന്നത് എന്നാണതിന്റെ അര്‍ത്ഥം. 'നീ പറയുക, സത്യം വന്നു കഴിഞ്ഞു; മിഥ്യ തകര്‍ന്നുപോയി. നിശ്ചയമായും മിഥ്യയായത് തകരാനുള്ളത് തന്നെ' ആദ്ധ്യാത്മികമായ ഒരു മഹാപരിവര്‍ത്തനത്തില്‍ മനുഷ്യബോധത്തില്‍ ഉണരുന്ന പ്രാര്‍ത്ഥനാ വാചകങ്ങളാണിത്. ബോധത്തിന്റെ തെളിമയാര്‍ന്ന തണലില്‍ മനുഷ്യ സംസ്കാരം പിറവിയെടുക്കുന്ന ദിവ്യമുഹൂര്‍ത്തമാണത്. വചനമപ്പോള്‍ ഒരു ഫലവൃക്ഷം പോലെ ആഴത്തില്‍ വേരുകളുള്ള, ആകാശത്ത് ഹരിതശാഖകളുള്ള പടര്‍ന്നുപന്തലിച്ച് ധന്യതയുടെ നിതാന്ത സ്രോതസ്സ്. ഋതുക്കളിലെല്ലാം ദൈവഹിതത്താല്‍ ഫലങ്ങള്‍ തരുന്ന അതുല്യ വൃക്ഷമാകുന്നു അത്. ഉണര്‍ന്നവന്‍ ആ മരച്ചോട്ടില്‍ സദാ ധ്യാനത്തിലായിരിക്കും. മിഥ്യയുടെ വ്യവഹാര തലങ്ങളെ ആത്മജ്ഞാനത്തിന്റെ തെളിച്ചത്താല്‍ അറുത്തുമാറ്റുന്നവനുമായിരിക്കുമവന്‍. പ്രപഞ്ചം മുഴുവനും ഒരു പുസ്തകമാണെന്നും അതിലെ സകല പ്രതിഭാസങ്ങളും വായന ആവശ്യപ്പെടുന്നു എന്നും അവനപ്പോള്‍ അറിഞ്ഞു തുടങ്ങും.

ചരിത്രവും പ്രകൃതിയും പാരത്രികലോക പ്രതിപാദനങ്ങളും കാലാതീതമായ ദിവ്യനൂലിനാല്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. വെളിപാടിന്റെ അക്ഷരത്തെളിമയില്‍. ഓരോരുത്തരുടേയും ആത്മീയ വളര്‍ച്ചയുടെ നിലവാരമനുസരിച്ച് ആ ബന്ധത്തിന്റെ അര്‍ത്ഥതലങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരും. യുദ്ധവും സമാധാനവും ധ്യാനവും പ്രാര്‍ത്ഥനയും സന്ദര്യവും ശാസ്ത്രവും ഇടകലര്‍ന്നിരിക്കുകയാണിവിടെ. സമൂഹമെന്നത് മനുഷ്യവര്‍ഗ്ഗങ്ങളുടെ ഒരു തുരുത്ത് മാത്രമല്ല ഖുര്‍ആനില്‍. സര്‍വ്വ ജീവജാലങ്ങളും സമൂഹമെന്ന വിവക്ഷയില്‍ പെടും.

ദൈവം ആകാശഭൂമികളുടെ പ്രകാശമാണെന്ന് പറഞ്ഞ അദ്ധ്യായത്തില്‍ തന്നെയാണ് എല്ലാ ജീവജാലങ്ങളും പ്രാര്‍ത്ഥനയിലാണെന്ന സൂക്തവുമുള്ളത്. പ്രാര്‍ത്ഥനയും വെളിച്ചവുമായി ഇസ്സ്ലാമിക മിസ്റ്റിസത്തില്‍ അഭേദ്യമായ ബന്ധുമുണ്ട്. ഇരുളിന്റെ ഭിന്നഭാവങ്ങളെ ഭേദിച്ച് വെളിച്ചത്തിന്റെ ഏകഭാവം സ്വായത്ത്മാക്കാനാണ് പ്രാര്‍ത്ഥന. ദൈവം വിശ്വാസികളുടെ മിത്രവും അവരെ തമസ്സിന്റെ അഗാധഗര്‍ത്തങക്ഷ്ങളില്‍ നിന്നും വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നവനുമാണ്. ഖഉര്‍ആനില്‍ പറയുന്നു ബഹുദൈവ വിശ്വാസി (മുശ്രിക്), സ്തനിഷേധി (കാഫിര്‍), കപവിശ്വാസി (മുനാഫിഖ്) തുടങ്ങിയ വാക്കുകളെ മനുഷ്യമനസ്സില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ദിവ്യ വെളിച്ചത്തിന് മറയിടുന്ന പൈശാചി ഭാവങ്ങളായി മനസ്സിലാക്കിയാലേ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന സാര്‍വ്വ ലൌകിക സത്യത്തെ അറിയാനാവുകയുള്ളൂ. മതമേഖലയിലുള്ളവരധികവും മര്‍മ്മപ്രധാനമായ ഈ സത്യത്തെ അറിയാതെയാണ് ഖുര്‍ആന്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും വിശ്വാസമെന്ന പ്രാപഞ്ചിക മൂല്യത്തിലൂടെ മിഥ്യയുടെ തമോമണ്ഡലങ്ങളെ നിഷ്കാസനം ചെയ്തുകൊണ്ട് കാരുണ്യത്തിലധിഷ്ഠിതമായ ബഹുസ്വരതയുടെ ഒരു പൂന്തോട്ട നിര്‍മ്മാണമാണ് ദിവ്യവചനങ്ങളുടെ പരമമായ ലക്ഷ്യം.

Thursday, November 11, 2010

സ്വന്തം


ഞാന്‍
നീയെന്നു പറയുമ്പോഴേക്കും
നീ
പല രീതിയില്‍
എന്റെ മുന്നില്‍ വന്നു നില്‍ക്കുന്നുണ്ട്‌ .
നിനക്കറിയാം
ഞാനാരെന്ന്
എന്നിട്ടും
എനിക്കാവുന്നില്ല ;
നിന്നെയറിയാന്‍ ,
നിന്നെ തൊടാന്‍ ,
നിനക്കെന്തെങ്കിലും തരാന്‍ ..
ദൈവമെ
"എന്റെ ,എന്റെ ", എന്ന് മാത്രം പറഞ്ഞു
ഞാന്‍
അവസാനിച്ചു പോകുമോ...

കമല



കത്തുന്ന ചില്ലകളില്‍ നിന്നും
വാക്കുകള്‍ പറിച്ചെടുത്ത്
പ്രേമപൂര്‍വ്വം തന്നവള്‍ നീ

നിന്‍റെ ഹൃദയ താളത്തില്‍
ഒരിളം കാറ്റ്
മുല്ലയെ ചുംബിക്കുമ്പോള്‍
മുറിവുണങ്ങാത്ത
ഒരായിരം ഹൃദയങ്ങള്‍ക്ക്‌
സ്വപ്നം കാണാനെങ്കിലും
ആരോ ചിറകുകള്‍ നല്കുന്നുണ്ടാവണം.

വെയില്‍
ശരീരത്തെ വേവിക്കുമ്പോഴും
മഴ
ആത്മാവിനെ തണുപ്പിക്കുമ്പോഴും
നീ
പ്രണയം മാത്രം ശ്വസിച്ചു.

വാതിലുകള്‍ അടച്ചു
മഴ കേട്ടവളല്ല നീ
മുറ്റത്തിറങ്ങി മഴയില്‍ കുളിച്ചു
ദൈവം ഭൂമിയില്‍ ഇറങ്ങി വരണമെന്ന്
വാശി പിടിച്ചവള്‍ ആയിരുന്നു

നിന്നോടെന്തായിരിക്കും
ഇപ്പോള്‍
ദൈവം
പറയുന്നുണ്ടാവുക?